ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

സാമൂഹ്യചരിത്രം

ആനക്കയം ഗ്രാമത്തിന്റെ പൌരാണികചരിത്രം അനാവരണം ചെയ്യുന്ന ചരിത്രരേഖകളൊന്നും തന്നെ ലഭ്യമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, നാടുവാഴി പ്രഭുക്കള്‍ക്കും ഭൂജന്മിമാര്‍ക്കും എതിരായുള്ള 1921-ലെ, “മലബാര്‍ കലാപ”ത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഈ പ്രദേശം. അന്നത്തെ പോലീസ് ഇന്‍സ്പെക്ടറായിരുന്ന ഖാന്‍ ബഹാദൂര്‍ കെ.വി.ചേക്കുട്ടിയെ, സമരസേനാനികള്‍ വെടിവെച്ചുകൊന്ന്, തല കുന്തത്തില്‍ നാട്ടി പ്രദര്‍ശിപ്പിച്ചിരുന്നു. അയാളുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ച, പുള്ളിയിലങ്ങാടിയിലെ പൊതുകിണര്‍ ഇന്നും ചരിത്രസ്മാരകമെന്ന പോലെ നിലനില്‍ക്കുന്നു. 1927 ആഗസ്റ്റ് അവസാനവാരത്തിലാണ് ആനക്കയത്തുള്ള തെറ്റത്തുവീട്ടില്‍ ചേക്കുട്ടി ഇന്‍സ്പെക്ടറെ വിപ്ളവപ്രസ്ഥാനം കൊലപ്പെടുത്തിയത്. ഹിന്ദുക്കളും മുസ്ളീങ്ങളും തോളോടുതോളുരുമ്മിക്കഴിയുന്ന ആനക്കയത്ത് ഈ വിപ്ളവം ഒരു വര്‍ഗ്ഗീയലഹളയായി മാറിയില്ല എന്നു മാത്രമല്ല, ഖിലാഫത്തുപ്രസ്ഥാനത്തിന്റെ മറവില്‍ കൊള്ള നടത്താന്‍ ശ്രമിച്ചവരെ, ജാതിമതഭേദമെന്യേ ഒറ്റക്കെട്ടായി നിന്നെതിര്‍ത്ത ചരിത്രവും ഈ നാടിനുണ്ട്. സ്വാതന്ത്ര്യസമര സേനാനികളുടെ ഒളിത്താവളമായിരുന്നു പന്തലൂര്‍മല. ഈ പ്രദേശത്തു ഒളിവില്‍പോയ പോരാളികളെ പിടികൂടാന്‍ കഴിയാതിരുന്ന ബ്രിട്ടീഷ് പട്ടാളം, പൂക്കോട്ടൂര്‍ യുദ്ധത്തിനു ശേഷം, പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള ആര്യാപറമ്പില്‍ കുതിരവണ്ടിയില്‍ പീരങ്കി ഘടിപ്പിച്ച്, പന്തലൂര്‍ മലയിലേക്കു വെടിവെച്ചതായി പറയപ്പെടുന്നു. അക്കാലത്ത് മലയാളമനോരമ പത്രത്തിന്റെ സ്ഥാപകനായിരുന്ന മാമ്മന്‍ മാപ്പിള പന്തലൂര്‍ വനപ്രദേശത്ത് ഒളിച്ചുതാമസിക്കുകയും, അതിനുശേഷം ആ മലമ്പ്രദേശം പാട്ടത്തിനെടുക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അന്ന് ഈ പ്രദേശങ്ങള്‍ കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. മനോരമ പ്ളാന്റേഷന്‍ ഇന്ന് പഞ്ചായത്തിലെ ഏറ്റവും വലിയ പ്ളാന്റേഷനായ ബാലനൂര്‍ തയ്യില്‍ പ്ളാന്റേഷന്‍ ആയി മാറിയിരിക്കുന്നു. ഇതോടൊപ്പം ഇവിടേക്ക് തെക്കന്‍ കേരളത്തിലെ കുടിയേറ്റക്കാര്‍ വന്നു തുടങ്ങുകയും, കാര്‍ഷിക രംഗത്തും എസ്റ്റേറ്റുരംഗത്തും വിപ്ളവകരമായ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്തു. പഴയ മലബാര്‍ജില്ലാ ബോര്‍ഡിന്റെ കീഴിലായിരുന്ന ആനക്കയത്ത്, ആദ്യമായി പഞ്ചായത്തുബോര്‍ഡ് നിലവില്‍ വന്നത് 1962-ലാണ്. എങ്കിലും 1963 ഡിസംബര്‍ 20-തിനാണ് തെരഞ്ഞെടുത്ത ബോര്‍ഡ് നിലവില്‍ വന്നത്. കെ.വി.എം.ചേക്കുട്ടിഹാജിയായിരുന്നു അന്നത്തെ പഞ്ചായത്തു പ്രസിഡന്റ്. ഈ പഞ്ചായത്തിലെ പ്രധാന വിദ്യാലയമാണ് ഇരുമ്പുഴി ജി.എം.യു.പി.സ്കൂള്‍. ഈ പഞ്ചായത്തില്‍ കൂടി കടന്നുപോകുന്ന മഞ്ചരി-മലപ്പുറം റോഡും, ആനക്കയം-ഒറവമ്പ്രം റോഡും, ആനക്കയം - പെരിന്തല്‍മണ്ണ റോഡും മാത്രമായിരുന്നു ആദ്യകാലത്തുണ്ടായിരുന്ന പ്രധാന ഗതാഗതപാതകള്‍. എന്നാല്‍ സേവന സന്നദ്ധരായ ജനങ്ങള്‍ സംഘടിച്ച് വിവിധ വാര്‍ഡുകളില്‍ റോഡുകളുണ്ടാക്കാന്‍ മുന്നിട്ടിറങ്ങുകയും ഒന്നിലധികം റോഡുകള്‍ ഓരോ വാര്‍ഡിലും നിര്‍മ്മിക്കുകയും ചെയ്തു. കടമ്പോടുള്ള ജി.എം.എല്‍.പി.എസ് പന്തലൂര്‍ ആണ് പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. 

സാംസ്കാരികചരിത്രം

ഗ്രന്ഥശാലയുടെ അംഗീകാരമുള്ള പെരിമ്പലം പൊതുജന വായനശാല, പാപ്പിനിപ്പാറ ഗ്രാമസംഘം വായനശാല ആന്റ് ഗ്രന്ഥാലയം, പന്തല്ലൂര്‍ പൊതുജന വായനശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വായനശാലകള്‍. കൂടാതെ വിവിധ മതസംഘടനകളും, സ്ഥാപനങ്ങളും നടത്തുന്ന ധാരാളം വായനശാലകളും പഞ്ചായത്തിലുണ്ട്. 1955-ല്‍ പെരിമ്പലത്തു സ്ഥാപിച്ച പൊതുജനവായനശാല ലൈബ്രറിയാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ ഗ്രന്ഥാലയം. 1973-ല്‍ സ്ഥാപിതമായ പൊതുജനവായനശാല ആന്റ് ലൈബ്രറി പന്തലൂര്‍, 1988 വരെ നന്നായി പ്രവര്‍ത്തിച്ചുവന്നു. പന്തലൂര്‍ മലയുടെ ഉയരത്തില്‍ ചെറുപുഷ്പ യുവപ്രതിഭ ലൈബ്രറി ആന്റ് റീഡിംഗ് റൂം ഇന്നും നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു വായനശാലയാണ്. കമ്മ്യൂണിസ്റ്റ്് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം വഹിച്ച കെ.വി.മുഹമ്മദ് ഇസ്ഹാഖ് പ്രസ്ഥാനത്തിനു വേണ്ടി അനേകം ലേഖനങ്ങള്‍ രചിച്ച മഹത് വ്യക്തിയായിരുന്നു. സാഹിത്യരംഗത്ത് ഉയര്‍ന്നുവരുന്ന പല യുവസാഹിത്യകാരന്‍മാരും എഴുത്തുകാരും ആനക്കയത്തുണ്ട്. ഏഷ്യന്‍ വൈറ്ററന്‍സ് മീറ്റില്‍ രണ്ടുപ്രാവശ്യം പങ്കെടുത്ത് സ്വര്‍ണ്ണമെഡല്‍ നേടിയ കാണിക്കല്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ പേരുമാത്രമേ കായികരംഗത്ത് എടുത്തുപറയത്തക്കതായിട്ടുള്ളൂ. പ്രസിദ്ധ മതപണ്ഡിതനും ഫാറൂഖ് കോളേജിന്റെ സ്ഥാപകനുമായിരുന്ന മര്‍ഹും അബുസബാഹ് അഹമ്മദ് മൌലി ആദ്യകാലത്ത് ആനക്കയത്താണ് താമസിച്ചിരുന്നത്. എ.പി.മോയിന്‍സാഹിബ് ഏറനാടു താലൂക്കിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പുരോഗതിയില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ്.